Monday, February 25, 2008

ചുവന്ന ഉടുപ്പിട്ട പെണ്‍കുട്ടി

ആ ദിവസം എന്‍റെ ആദ്യത്തെ ട്രെയിന്‍ യാത്രയായിരുന്നു.വളരെ നാളത്തെ ഒരു ആഗ്രഹം അങ്ങനെ സഫലമാകുകയായിരുന്നു. ചുറ്റുമുള്ള പച്ച വയലിനെ കീറി മുറിച്ചുകൊണ്ട്‌ പോകുന്ന ട്രെയിന്റെ വേഗത കൂടുന്നത് എനിക്ക് അറിയാമായിരുന്നു. എന്നെ വരവേല്‍ക്കാന്‍ ഇരിക്കുന്ന പൂനെ നഗരത്തെ കുറിച്ചു മാത്രമാണ് ഇപ്പോഴെന്റെ ചിന്ത. ഇങ്ങനെ കുറച്ചു സ്ഥലങ്ങള്‍ പെട്ടെന്ന് കടന്നു പോയി .

ഇനി അടുത്ത് ഇരിക്കുന്നവരെയൊക്കെ പരിചയപ്പെടണം .ഞാന്‍ അടുത്ത് ഇരിക്കുന്ന ചേട്ടന്‍റെ അടുത്തേക്ക് തിരിഞ്ഞു.അപ്പോഴാണ് ഞാന്‍‌ ആ ചുവന്ന ഉടുപ്പിട്ട പെണ്‍കുട്ടിയെ ശ്രദ്ധിച്ചത് .അവളുടെ ചുവന്ന ഉടുപ്പ് ചെറുതായി കീറിയിരുന്നു .അവള്‍ ഓരോരുത്തരുടെയും അടുക്കല്‍ ചെന്ന് അവര്‍ക്കു നേരെ കൈ നീട്ടി നില്‍ക്കുകയാണ് .ഒരു നിസ്സഹായത ആ കുട്ടിയുടെ മുഖത്ത് നിഴലിച്ചിരുന്നു .ഇനി എന്‍റെ ഊഴമായി .അവള്‍ എന്‍റെ നേരെ കൈ നീട്ടി ഒന്നു ചിരിച്ചു .

ഞാന്‍‌ എന്‍റെ പേഴ്സ്‌ എടുത്തു .പക്ഷെ അതില്‍ ചില്ലറ ഒന്നും ഉണ്ടായിരുന്നില്ല . ഞാന്‍‌ സീറ്റില്‍ നിന്നും എഴുന്നേറ്റ് ആ കുട്ടിയെ നോക്കാതെ നടന്നു. പത്തിന്റെ നോട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും അതില്‍ ഒന്നു കൊടുക്കാന്‍ എനിക്ക് മനസ്സുണ്ടായിരുന്നില്ല . നേരെ പോയി മുഖം കഴുകി തിരിഞ്ഞു നോക്കിയപ്പോള്‍ ആ ചുവന്ന ഉടുപ്പിട്ട പെണ്‍കുട്ടി എന്‍റെ നേരെ നില്‍ക്കുന്നു .അവള്‍ എന്‍റെ നേരെ ഒരു അഞ്ഞൂറിന്റെ നോട്ട് നീട്ടി .

ഞാന്‍‌ വീണ്ടും പേഴ്സ്‌ എടുത്തു നോക്കി .അതെ ,ആകെ വഴിചെലവിനു അപ്പച്ചന്‍ തന്ന ആ അഞ്ഞൂറിന്റെ നോട്ട് തന്നെ .ഞാന്‍‌ ചെറിയ തിടുക്കത്തോടെ അവളില്‍ നിന്നും അഞ്ഞൂറിന്റെ നോട്ട് വാങ്ങി പേഴ്സില്‍ തിരികെ വച്ചു നോക്കുംബോഴേക്കും ട്രെയിന്‍ നിന്നിരുന്നു . ഞാന്‍‌ ചുറ്റുപാടും ആ കുട്ടിയെ നോക്കി . അവള്‍ എവിടേക്കോ നടന്നു നീങ്ങിയിരുന്നു .ചെറിയ ഒരു കുറ്റബോധത്തോടെ ഞാന്‍‌ വീണ്ടും സീറ്റില്‍ വന്നിരുന്നു .അപ്പോഴേക്കും ട്രെയിന്‍ ചെറുതായി നീങ്ങി തുടങ്ങിയിരുന്നു . അതാ ആ പെണ്‍കുട്ടി അവിടെ .ഞാന്‍‌ ചെറുതായി തല തിരിച്ചു നോക്കുബോഴേക്കും അവളുടെ ചുവന്ന ഉടുപ്പ് എന്നില്‍ നിന്നും അകന്നകന്നു പോയി ഒരു ചുവന്ന പൊട്ടു മാത്രമായി.

പിന്നീടുള്ള ട്രെയിന്‍ യാത്രകളിലോക്കെ ആ ചുവന്ന ഉടുപ്പിട്ട പെണ്‍കുട്ടിയെ ഞാന്‍ തിരയുമായിരുന്നു .സ്നേഹത്തിന്റെ നന്ദിയുടെ ഒരു പൂച്ചെണ്ട് അവള്‍ക്ക് നല്‍കുവാന്‍...