അന്ന് ഞാന്‍ പൂനെയിലെത്തി കുറച്ചു ദിവസങ്ങള്‍ മാത്രമെ ആയിരുന്നുള്ളൂ .ഡിഗ്രിയ്ക്കു ഹിന്ദി രണ്ടാമത്തെ ഭാഷയായി എടുത്തത് നന്നായെന്നു തോന്നി തുടങ്ങിയ ദിവസങ്ങള്‍ .റൂമില്‍ നിന്നും കോളേജ് വരെ ബസ്സില്‍ കഷ്ടിച്ച് പോകാനും വരാനും മാത്രം അറിയാമായിരുന്ന ദിവസങ്ങള്‍ .
പതിവു പോലെ തന്നെ അന്ന് ബസ്സില്‍ ചെറിയ തിരക്കുണ്ടായിരുന്നു .റൂമില്‍ നിന്നും കോളേജ് വരെ പോകാനായി ഒരു മാസത്തേക്ക് ബസ്സ് പാസ്സ് എടുത്തതുകൊണ്ട് കണ്ടക്ട്രോടുപോലും ഞാന്‍ മിണ്ടുകയില്ലായിരുന്നു. എന്തായാലും മൂന്നാമത്തെ സ്റ്റോപ്പ് കഴിഞ്ഞപ്പോഴേക്കും എനിക്ക് ഒരു ചേച്ചിയുടെ അടുത്ത് സീറ്റ് കിട്ടി .നാട്ടിലേതുപോലെ സ്ത്രീകളോടുള്ള വിവേചനം ഇവിടെയില്ലെന്ന കാര്യം ഞാന്‍ കുറച്ചു ദിവസത്തെ ബസ്സ് യാത്രകൊണ്ട് മനസ്സിലാക്കിയിരുന്നു .കുറച്ചു കഴിഞ്ഞപ്പോഴാണ് ആരൊക്കെയോ ബസ്സില്‍ മലയാളം പറയുന്നതു കേട്ടത് .അതെ , ആ മൂന്ന് പെണ്‍കുട്ടികള്‍ തന്നെ .എന്‍റെ ശ്രദ്ധ അവരിലേക്കായി .
ഇപ്പോള്‍ അവരുടെ സംസാരം അച്ചാറിനെ കുറിച്ചാണ് .അതും മീന്‍ അച്ചാറിനെ കുറിച്ച് .പിന്നീട് അവരുടെ സംസാരം അവരിട്ടിരിക്കുന്ന വസ്ത്രത്തെ കുറിച്ചായി .ഇതിനിടയില്‍ അവരില്‍ രണ്ടുപേര്‍ക്ക് എന്‍റെ മുന്നില്‍ സീറ്റ് കിട്ടി .
"മായേ ,വേറെ എന്താണ് നാട്ടിലെ വിശേഷങ്ങള്‍ ?" ഇരിക്കുന്നവരില്‍ ഒരാള്‍ നില്ക്കുന്ന പെണ്‍കുട്ടിയോട് ചോദിച്ചു .മായ നല്ല പേര് ഞാന്‍ മനസ്സില്‍ വിചാരിച്ചു .
"എന്തൊക്കെയായാലും നിങ്ങള്‍ ഫോണ്‍ വിളിച്ചില്ലല്ലോ ?" മായയുടെ പരിഭവ ചോദ്യം . ആ പരിഭവ മുഖം കാണാന്‍ നല്ല ഭംഗി ഉണ്ടായിരുന്നു .അതിനുള്ള ഉത്തരം കിട്ടുന്നതിനു മുന്പേ അവള്‍ക്കു എന്‍റെ അടുത്ത് സീറ്റ് കിട്ടി .എന്തായാലും അത് നന്നായെന്നു ഞാനും കരുതി. അവര്‍ക്ക് ഇനി ശരിക്കു സംസാരിക്കാമല്ലോ!
"നീയൊന്ന് വെളുത്ത് കോട്ടയം അലുവ പോലെയായല്ലോ ?" മായയുടെ കൂട്ടുകാരിലൊരാള്‍ അവളോട് ചോദിച്ചു .അപ്പോള്‍ ഞാന്‍ ചെറുതായൊന്ന് ചിരിച്ചു .മായയും ഒന്നു ചിരിച്ചു .അന്ന് ഞാന്‍ കോട്ടയം അലുവയെ പറ്റി ആദ്യമായാണ് കേട്ടത്.
അതുവരെ ഒന്നും മിണ്ടാത്ത നീല ചുരിദാര്‍ മായയോട് "നിന്‍റെ അടുത്തിരിക്കുന്ന ഈ ചെക്കന്‍ മലയാളിയാണോ ? എനിക്ക് ഒരു സംശയം ! അവന്‍ ഒന്നു ചിരിച്ചുവല്ലോ ?" അപ്പോള്‍ മായ "അതേയ് ,നമ്മള്‍ ഏത് ഭാഷയാണ് സംസാരിക്കുന്നതെന്ന് ആലോചിച്ചു ചിരിച്ചതാവും പാവം " ആ പ്രശനവും അവര്‍ ഒരു ചിരിയില്‍ ഒതുക്കി .ആ സമയം ഞാനൊന്നു പുറത്തേക്ക് തലയിട്ടുകൊണ്ട് കോളേജ് എത്തിയോ എന്ന് നോക്കി .ഇല്ല, ഇനിയും കുറച്ചു സമയം എടുക്കും .
"മായേ ,നിനക്കു രാഹുല്‍ മിസ് കോള്‍ ചെയ്യാറുണ്ടോ ?" വീണ്ടും നീല ചുരിദാര്‍ .ഇല്ലെന്ന് മായ പറഞ്ഞു .
"ഒരു പക്ഷെ ആരാവും ഈ രാഹുല്‍ ?" ഞാന്‍ എന്‍റെ മനസ്സില്‍ അവളോട് തന്നെ ചോദിച്ചാലോ എന്ന് കരുതി .
എന്തായാലും ഈ പെണ്‍കുട്ടികളുടെ സംസാരം കേട്ടിരിക്കാന്‍ നല്ല രസമാണ് എന്ന് വിചാരിക്കുബോഴേക്കും അവരുടെ സംസാരം സെമിനാറിനെ കുറിച്ചും വരാന്‍ പോകുന്ന പരീക്ഷഫലത്തെയും കുറിച്ചും ആയി .
അയ്യോ! ബസ്സില്‍ അത്യാവശ്യം തിരക്കായല്ലോ. രണ്ടു സ്റ്റോപ്പ് കഴിഞ്ഞാണ് കോളേജ് ."മായേ, ഞാന്‍ ഒന്നു കടന്നോട്ടെ പ്ലീസ്" ഇങ്ങനെ പറഞ്ഞതും അവള്‍ എന്നെ നോക്കി ചെറിയ അമ്പരപ്പോടെ നന്നായൊന്നു ചിരിച്ചു .ഞാന്‍ ചിരിച്ചുകൊണ്ടു തന്നെ ബസ്സിലുള്ളവരെ തിക്കി തിരക്കി കോളേജ് സ്റ്റോപ്പില്‍ ഇറങ്ങി .
ആ ഇറങ്ങിയ നേരത്ത് ആ ആറുകണ്ണുകള്‍ എന്നിലെക്കായിരുന്നു. അപ്പോഴും എന്‍റെയീ കണ്ണുകള്‍ ആ രണ്ടു കണ്ണുകളിലേക്ക് മാത്രമായിരുന്നു .
ഇനിയും കാണാമെന്ന പ്രതീക്ഷകളോടെ...സ്വപ്നങ്ങളോടെ...
വരുന്നൂ...
അമ്പലമുറ്റത്തെ ആശാന്മാര്‍
Tuesday, March 4, 2008
Subscribe to:
Comments (Atom)